സ്‌നേഹത്തിന്റെ ഇടിമുഴക്കങ്ങളും ക്ഷോഭത്തിന്റെ സൗന്ദര്യവും പോരാട്ടത്തിന്റെ വീര്യവുമായി ഒരു കവി ഇവിടെ ജീവിച്ചിരുന്നു. കവിതയിലൂടെയും ഹൃദയാര്‍ദ്രമായ ഗാനങ്ങളിലൂടെയും മാനവികമായ നിലപാടുകളിലൂടെയും കാതലുള്ള ആ ധിക്കാരി അനുഭവങ്ങളുടെ നാഥനായി ജീവിച്ചു.
നിതാന്തമായ പ്രത്യാശ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ആ പോരാളി മടങ്ങിയത്. ജീവിതത്തെ അസാധാരണമായ ധീരതകൊണ്ട് നേരിട്ട കവിയായിരുന്നു പഴവിള രമേശന്‍. മൗനത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിലൂടെ നടന്ന്, ആജന്മദീര്‍ഘമായ കവിതകള്‍ അവശേഷിപ്പിച്ച് ഏതോ ജാലകം തുറന്ന് പഴവിള കടന്നു പോയി. ലോകത്തെ വിട്ടൊഴിയാന്‍ തെല്ലും ഇഷ്ടപ്പെടാതെയായിരുന്നു ആ മടക്കം. ‘ഞാനാണ് എന്റെ കവിത’യെന്ന് ഉറക്കെ പറയാന്‍ പഴവിള മടിച്ചില്ല.
ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:
‘എന്റെ സുഖദുഖങ്ങളും
ശക്തിദൗര്‍ബല്യങ്ങളും
രോഗവും അല്‍പ്പത്തവും
അമര്‍ഷവും അനന്തസൗഹൃദവും
സമൂഹവും ചേര്‍ന്നതാണ് എന്റെ കവിത’
ധിക്കാരിയായ ഒരു മനുഷ്യന്‍ നടത്തിയ സമരങ്ങളായി വേണം പഴവിളയുടെ കവിതകളെ കാണാന്‍. നിതാന്ത സൗഹൃദങ്ങളും അനുഭവതീക്ഷ്ണമായ ജീവിതവുമായിരുന്നു ഈ കവിയുടെ ശക്തി. മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി എന്നും കലഹത്തോടെ പോരാടുവാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
അരാജക ജീവിതത്തിന്റെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോഴും ചുറ്റും കണ്ടവരെ സൗഹാര്‍ദ്ദത്തോടെ ചേര്‍ത്തു നിര്‍ത്തുവാന്‍ പഴവിള രമേശന്‍ എന്ന മനുഷ്യ സ്‌നേഹിക്കു കഴിഞ്ഞു.
ജാതിമത വേര്‍തിരിവുകള്‍ക്കെതിരെ കലഹിച്ചും മാനവികതയ്ക്കു വേണ്ടി പോരാടിയും ശക്തിപ്പെട്ടതായിരുന്നു ആ തൂലിക. അദ്ദേഹം കവിതയില്‍ കൊത്തിവച്ചതൊക്കെ മഹാകാലത്തിന്റെ മുഴക്കങ്ങളായിരുന്നു. സൗഹൃദത്തിന്റെ കുലപതിയായിരുന്ന പഴവിളയുടെ കവിതകളും ബന്ധങ്ങളുടെ ആഘോഷങ്ങളായിരുന്നു. പ്രഭാവലയങ്ങളെല്ലാം അഴിച്ചു വെച്ച് പരുക്കന്‍ വാക്കുകള്‍ കൊണ്ടായിരുന്നു അദ്ദേഹം കാവ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. സുജനമര്യാദയോടെ ഇത്രയേറെ എഴുത്തുകാര്‍ക്ക് ആതിഥ്യമരുളിയ മറ്റൊരു സാഹിത്യകാരനുണ്ടാവില്ല.
എല്ലാ എഴുത്തുകാര്‍ക്കും അതിഥിമന്ദിരമായിരുന്നു ആ വീട്. പകലും രാത്രിയും എന്നു ഭേദമില്ലാതെ നാനാദിക്കുകളില്‍ നിന്നും ചങ്ങാതികള്‍ പഴവിളയെ തേടി വന്നു. ഘോര ഗര്‍ജ്ജനങ്ങള്‍ക്കെല്ലാം പിന്നില്‍ കരുണയുടെയും സ്‌നേഹത്തിന്റെയും തണലും തേങ്ങലും സൂക്ഷിച്ചാണ് ഈ കവി കടന്നു പോയത്. ആരായിരുന്നു പഴവിള രമേശന്‍?
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ വേലായുധന്റെയും ഭാനുക്കുട്ടിയുടെയും മകനായി 1936 ലാണ് കവിയുടെ ജനനം. അഞ്ചാലുംമൂട് പ്രൈമറി സ്‌ക്കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌ക്കൂള്‍, കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1961 മുതല്‍ 1968 വരെ കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ സഹ പത്രാധിപരായി അദ്ദേഹം ജോലി ചെയ്തു. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നോക്കി. റിസര്‍ച്ച് ഓഫീസറായും അസിസ്റ്റന്റ് ഡയറക്ടറായും അരുണ ദശകത്തിന് തൊട്ടുപിന്നാലെയാണ് മലയാള കവിതയിലേക്ക് അദ്ദേഹം കടന്നു വന്നത്.
അക്കാലത്തെ ഏതു കവിയേയും പോലെ ചങ്ങമ്പുഴക്കവിതയുടെ മഹാപ്രവാഹത്തിലേക്കായിരുന്നു അദ്ദേഹവും തോണിയിറക്കിയത്. എന്നാല്‍ തന്റേതായ ഒരു കരയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ഒച്ച നേരിട്ടു കേള്‍പ്പിക്കാന്‍ പഴവിള പ്രാപ്തി നേടിയത് മുക്തഛന്ദസ്സിന്റെ വഴിയേ സഞ്ചരിച്ചു കൊണ്ടായിരുന്നു. അക്കാലത്ത് വേറിട്ടൊരു ശബ്ദം ക്ഷിപ്രസാധ്യമായിരുന്നില്ല. വയലാറും, പി. ഭാസ്‌കരനും, ഒ.എന്‍.വിയും ജ്വലിച്ചു നിന്ന ഘട്ടമായിരുന്നു അത്. ചങ്ങമ്പുഴയുടെ കാല്‍പ്പനിക മായാപ്രവാഹത്തില്‍ അനുവാചക സമൂഹം മുങ്ങിത്തോര്‍ത്തി നിന്ന കാലം കൂടിയായിരുന്നു അത്.
കാവ്യ ചമല്‍ക്കാരങ്ങളുടെ വഴിവിട്ട് വര്‍ണ്ണപ്പൊലിമയുടെ മറുപുറത്തെ കരിനിഴലിടങ്ങള്‍ തേടിയായിരുന്നു പഴവിളയുടെ സഞ്ചാരമത്രയും. അതായിരുന്നു അദ്ദേഹത്തിന്റെ കവിതാ വഴി. വര്‍ഗീയതയുടെ കാര്‍മേഘപടലങ്ങള്‍ ഇന്ത്യയുടെ ആകാശങ്ങളില്‍ ഉരുണ്ടുകൂടി തുടങ്ങിയപ്പോള്‍ ഉണ്ടാക്കിയ മതേതര കൂട്ടായ്മകളുടെ നായക സ്ഥാനത്ത് പഴവിളയുണ്ടായിരുന്നു. സാഹിത്യത്തില്‍ ഒരു നവ ഭാവുകത്വത്തിന്റെ പിറവിക്കായി അര്‍പ്പണബോധത്തോടെ നില കൊണ്ട കവിയാണ് കടന്നു പോയത്.
മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണ പുരുഷന്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉടല്‍, പഴവിള രമേശന്റെ കവിതകള്‍ എന്നീ കാവ്യസമാഹാരങ്ങളും, ഓര്‍മ്മകളുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റും കവിതയില്‍ ആധുനികനുമാകുമ്പോഴും നേരിയ നിരാശയുടെ ഇളം നൂലുകള്‍ പാകിയ ആത്മ ദു:ഖത്തിലേക്കും കവിയ്ക്ക് ഊളിയിടേണ്ടി വന്നു.
‘ഇല്ല…
ഞാനെങ്ങോട്ടുമില്ല
ഈ ശ്മശാനാന്തരീക്ഷത്തില്‍
കറുപ്പ് കലര്‍ന്ന്
ചുവപ്പ് രാശികളസ്തമിച്ച
ഈ തീരത്ത്
മറവിയുടെ മധുരമല്ലാതെ
ഒരു വസന്ത പ്രതീക്ഷയും
ആവശ്യമില്ലാതായിരിക്കുന്നു’ എന്ന് അദ്ദേഹമെഴുതി.
കാഴ്ചകളും അനുഭവങ്ങളും ചിന്തകളും വികാരങ്ങളും തോന്നലുകളും പുറത്തെടുക്കാന്‍ കവിതയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ബോധത്തില്‍ നിന്നും പിറവിയെടുത്തതാണ് പഴവിളയുടെ മിക്ക കവിതകളും.
അരനൂറ്റാണ്ടിലേറെക്കാലത്തെ കേരളീയ സാംസ്‌ക്കാരിക പരിണാമങ്ങള്‍ക്കൊപ്പമാണ് പഴവിള എന്ന കവി സഞ്ചരിച്ചത്. അദ്ദേഹം കടന്നുപോയതോടെ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്കാണ് തിരശ്ശീല വീണത്. ചെറുപ്പത്തില്‍ തന്നെ പഴവിള കമ്മ്യൂണിസത്തിലേക്ക് എത്തിച്ചേര്‍ന്നു. അക്കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍ക്ക് അദ്ദേഹം സഹായിയായി. ചെറുപ്പത്തില്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ആവേശം അവസാലം വരെ നിലനിര്‍ത്താന്‍ പഴവിളയ്ക്കു കഴിഞ്ഞു. പ്രസ്ഥാനത്തിന്റെ സാംസ്‌ക്കാരിക മുന്നണികളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സഹകരണത്തോടൊപ്പം കലഹവും സൂക്ഷിച്ചു.
ഒരു ഭീരുവില്‍ നിന്നും ധീരനിലേക്കുള്ള ആത്മപ്രയാണം കൂടിയായിരുന്നു പഴവിളയുടെ ജീവിതം. ഭയപ്പാടുകളുടെ ഒരു ബാല്യമായിരുന്നു തന്റേതെന്ന് ഒരിക്കല്‍ പഴവിള പറഞ്ഞിട്ടുണ്ട്. ‘ഇടവഴികളുടെ വശങ്ങളിലെ വാഴത്തോപ്പുകളില്‍ പല്ലിളിക്കുന്ന നരച്ച പ്രേതങ്ങളെ അദ്ദേഹം ഭയന്നു….’
ലോകത്തിന്റെ മധ്യത്തിലേക്കിറങ്ങിയതോടെ ആ ഭീരുത്വം മറഞ്ഞു പോയതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഒന്നിനേയും, ആരേയും കൂസാതെയായിരുന്നു അന്ത്യം വരെ ആ പ്രയാണം.
അമ്പതുകള്‍ മുതല്‍ കേരളത്തിന്റെ സാഹിത്യസാംസ്‌ക്കാരിക ലോകത്ത് വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് എല്ലാ വ്യക്തികളുമായും പഴവിള സഹവസിച്ചിരുന്നു. എത്രയോ ധിഷണാശാലികള്‍ക്കൊപ്പം സൗഹൃദം സ്ഥാപിച്ചു. പഴവിള പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയത് കെ. ബാലകൃഷ്ണന്റെ കളരിയില്‍ നിന്നാണ്. എഴുത്തിലും ചിന്തയിലും പ്രവര്‍ത്തനങ്ങളിലും കെ. ബാലകൃഷ്ണന്‍ കാണിച്ച ധീരതയും മാനവികതയും സ്വന്തം ജീവിതത്തിലും പിന്തുടരാന്‍ പഴവിള ശ്രമിച്ചു. കവിയായി ജീവിക്കാനായിരുന്നു പഴവിള എന്നും ശ്രമിച്ചത്. ആദര്‍ശങ്ങളില്‍ ശ്രീ നാരായണഗുരുവും കവിതയില്‍ കുമാരനാശാനും പ്രകാശവീഥികളായി.
അറുപതുകളോടെ പഴവിളയുടെ കാവ്യജീവിതം പൂക്കുകയും തളിര്‍ക്കുകയും ചെയ്തു. പഴവിളയുടെ കവിതകളെല്ലാം ഓര്‍മ്മകളാലും അനുഭവങ്ങളാലും മുദ്രിതമാണ്. ‘താനിരുന്നാടുന്ന ഊഞ്ഞാല്‍കാലം കഴിഞ്ഞെന്നും, മഹാകാലത്തിന്റെ മുഴക്കങ്ങള്‍ പുതുയുഗപിറവിയായി കൊണ്ടു വരുന്നവനാണ് കവി’യെന്നും അദ്ദേഹം പുതിയകാലത്തെ കവികളെ ഓര്‍മ്മിപ്പിക്കുന്നു.
‘ഇവിടെ ഞാനറിയാത്ത മരമില്ല
മലയില്ല, മനുഷ്യനില്ല!
ഇവിടെ ഞാനാരെന്നറിയാത്ത മരവും മലയും മനുഷ്യനുമാണെന്റെ ചുറ്റും.’
ആരും തന്നെ തിരിച്ചറിയുന്നില്ല എന്ന വ്യഥ പഴവിള രമേശന്റെ കവിതകളുടെ അന്തര്‍ധാരയാണ്. അമര്‍ഷവും അസംതൃപ്തിയുമാണ് ആ കവിതകളുടെ മുഖമുദ്ര.
പത്രപ്രവര്‍ത്തകന്‍, കവി, ഗ്രന്ഥകര്‍ത്താവ്, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മാത്രമല്ല പഴവിള തന്റെ പേര് അനുവാചക ഹൃദയങ്ങളില്‍ എഴുതിച്ചേര്‍ത്തത്. മനോഹരവും കാല്‍പ്പനിക ശുദ്ധവുമായ നിരവധി ചലച്ചിത്ര ഗാനങ്ങളും ആ തൂലികയില്‍ നിന്നും പിറന്നു വീണു. നിരവധി സിനിമകള്‍ക്ക് പഴവിള ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. മാളൂട്ടി, അങ്കിള്‍ബണ്‍, വസുധ, ആശംസകളോടെ, തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ മലയാളി എന്നും നെഞ്ചേറ്റി ലാളിക്കുന്നതാണ്. 1990-ല്‍ പുറത്തിറങ്ങിയ മാളൂട്ടി എന്ന സിനിമയ്ക്കായി പഴവിള രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജോണ്‍സനാണ്.
(1. ഗാനം : മൗനത്തിന്‍ ഇടനാഴിയില്‍….
2. സ്വര്‍ഗ്ഗം സ്വപ്നം കാണും…)
1991-ല്‍ റിലീസ് ചെയ്ത അങ്കിള്‍ബണ്‍ എന്ന സിനിമയ്ക്കായി പഴവിള രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നത് രവീന്ദ്രനാണ്. ആ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഈണം പകര്‍ന്ന വസുധയിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ബാല്യ കൗമാരങ്ങളിലെ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാന്‍ പഴവിളയ്ക്കു കൂട്ടായത് കവിതയായിരുന്നു. വിപ്ലവം ഉഴുതുമറിച്ച മണ്ണില്‍ കുരുത്തതിന്റെ പേശീബലം പിന്നീട് അദ്ദേഹത്തെ കരുത്തനാക്കി. എട്ടു വയസ്സുവരെ ഈശ്വരഭക്തനായി ജീവിച്ച പഴവിള പില്‍ക്കാലത്ത് ഭൗതിക വാദിയായി. പ്രമേഹം മൂര്‍ച്ഛിച്ചതോടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടും ആ മനസ്സ് തളര്‍ന്നില്ല. അവസാനം വരം പൊരുതിയ ഇച്ഛാശക്തിയായിരുന്നു പഴവിളയെന്ന വലിയ മനുഷ്യസ്‌നേഹിയുടെ കൈമുതല്‍.
ഭര്‍ത്താവിന്റെ ഇഷ്ടാനുസരണം ജീവിച്ചും അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ക്ക് വെച്ചുവിളമ്പിയും പരാതികളില്ലാതെ ജീവിച്ച ഭാര്യ രാധ പഴവിളയ്ക്കു കിട്ടിയ മറ്റൊരു സൗഭാഗ്യമായിരുന്നു. സൂര്യയും സൗമ്യയുമാണ് മക്കള്‍. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആ ഒറ്റയാന്‍ തിരുശേഷിപ്പുകള്‍ ബാക്കിയാക്കി 2019 ജൂണ്‍ 13ന് മരണമില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് യാത്രയായി.
തന്റെ ജീവിത സൗഭാഗ്യങ്ങളെ പഴവിള എന്ന കവി ഇങ്ങനെ സംഗ്രഹിക്കുന്നു.
‘ഞാന്‍ മഹാത്മാവായത്
എന്റെ എല്ലാത്തരം
ഓര്‍മ്മകളെയും
ആകാശം കാണാതെ
ഓമനിച്ച് വളര്‍ത്താന്‍
നിങ്ങളുടെ നെഞ്ചിന്‍കൂട്ടില്‍
ഇടമുണ്ടായതുകൊണ്ടാണ്…’