കെ.വി. തിക്കുറിശ്ശി
എന്റെ പ്രിയ സ്‌നേഹിതന്‍ പഴവിള രമേശനും ജീവിത നാടകത്തിന്റെ അന്ത്യരംഗം അഭിനയിച്ചു തീര്‍ന്നിട്ട് തിരശ്ശീല വീഴ്ത്തി. അവസാന നിമിഷം ഒന്നു കാണാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍. പലവിധ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു.
ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് 1960കളുടെ ആദ്യമെപ്പോഴോ ആണ്. അദ്ദേഹം അന്ന് കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയുടെ സഹപത്രാധിപരായിരുന്നു. കൗമുദിയുടെ രണ്ടാം ജന്മം ആദ്യത്തെ കവര്‍ ചിത്രവുമായി പുറത്തിറങ്ങിയ വാരികയായിരുന്നു. കുറെക്കാലം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് പിന്നെ പുറത്തിറങ്ങിയത് ബ്ലീറ്റ്‌സ് മാതൃകയിലുള്ള വാരികയായിട്ടാണ്. കഴിഞ്ഞ തലമുറയിലെ പ്രശസ്തരായ എഴുത്തുകാരുടെയെല്ലാം കളരിയായിരുന്നു കൗമുദി. ഓണം വിശേഷാല്‍ പ്രതിക്ക് ഒരു രണ്ടാം പതിപ്പ് ഇറക്കേണ്ടതായ ചരിത്രവും കൗമുദിക്കുണ്ട്.
കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന ചെറിയ നോവല്‍ പത്താംക്ലാസിലെ ഉപപാഠപുസ്തകമായി നിശ്ചയിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ ദേവിന് ചെയ്ത സഹായമായിരുന്നു അത്. അന്ന് അദ്ദേഹം അല്പം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഈ പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഒരു കഥാപാത്രം ഉറക്കത്തില്‍ പത്‌നിയുടെ മാറിടത്തില്‍ കൈവച്ച് കിടക്കുന്നതായി ചിത്രീകരിച്ചിരുന്നു. ഒരു ഉപമയിലൂടെ അദ്ദേഹം അത് വ്യക്തമാക്കി. വെണ്ണയില്‍ താമരനൂല്‍ പറ്റിയിരിക്കുന്നതുപോലെയായിരുന്നു യുവതിയുടെ മാറിടത്തിലെ കൈ എന്നായിരുന്നു അത്. ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതായിരുന്നു അത്.
കോണ്‍വെന്റുകളിലും ഈ പുസ്തകം പഠിപ്പിക്കേണ്ടിയിരുന്നുവല്ലോ. ഇത് തികഞ്ഞ അശ്ലീലമാണ്, പഠിപ്പിക്കാന്‍ പാടില്ല എന്ന് ക്രിസ്തീയസഭകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വാദപ്രതിവാദങ്ങള്‍ നിരന്തരം നടന്നു. ഇതിനെ ആധാരമാക്കി ഞാന്‍ ഒരു ലേഖനമെഴുതി പത്രാധിപര്‍ കെ. ബാലകൃഷ്ണനെ ഏല്‍പ്പിച്ചു. ഒരു അശ്ലീല ലേഖനം എന്നായിരുന്നു പേര്. ബ്രഹ്മാണ്ഡപുരാണം തൊട്ട് അദ്ധ്യാത്മരാമായണം, മഹാഭാരതം തുടങ്ങി പല ഗ്രന്ഥങ്ങളിലെയും അശ്ലീല ഭാഗങ്ങള്‍ ഉദ്ധരിച്ചിരുന്നു. രാമായണത്തില്‍ ദേവേന്ദ്രന്‍ അഹല്യയെ കാണുമ്പോഴുള്ള എഴുത്തച്ഛന്റെ വര്‍ണ്ണന ഓര്‍ക്കുമല്ലോ. ‘ചെന്തൊണ്ടി വായ്മലരും പന്തൊക്കും മുലകളും ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതിനെന്തൊരുകഴിവെന്നു ചിന്തിച്ചു ശതമഖന്‍’ എന്നുള്ള പ്രയോഗങ്ങളൊക്കെ ഭക്തജനങ്ങളെ ഒരിക്കലും വിപ്രമിച്ചിരുന്നില്ല. ഇതൊക്കെ അവതരിപ്പിച്ച ശേഷം ഞാന്‍ ബൈബിളിലെ പഴയ നിയമത്തിലെ ഒരു ചെറിയ ഭാഗമുദ്ധരിച്ചു. അതിലുള്ള ഒരു വ്യക്തിയുടെ നാമം ലോത്ത് എന്നായിരുന്നു എന്നാണോര്‍മ്മ. അദ്ദേഹത്തിന് രണ്ടു പെണ്‍മക്കള്‍. അടുത്ത പ്രദേശങ്ങളിലൊന്നും പുരുഷപ്രജകളില്ല. പിന്നത്തെ തലമുറ അന്യം നിന്നുപോകുന്ന അവസ്ഥ. പിതാവ് പെണ്‍മക്കളുടെ അനുവാദത്തോടെ അവരില്‍ സന്താനോല്പാദനം നടത്തിയതാണ് കഥ. ക്രിസ്തീയ സഭകള്‍ ജീവനെപ്പോലെ ആരാധിക്കുന്ന വേദപുസ്തകത്തിലെ ഈ നിന്ദ്യമായ അശ്ലീലത്തെ മറച്ചുവച്ചുകൊണ്ട്‌ദേവിന്റെ വെണ്ണയും താമരനൂലും അശ്ലീമമാണെന്ന് പ്രതിഷേധിക്കുന്നവരോട് എന്തടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ലേഖനം വളരെയേറെ ചര്‍ച്ചാവിഷയമായി. പ്രതിഷേധങ്ങള്‍ ക്രമേണേ കെട്ടടങ്ങുന്നതാണ് കണ്ടത്. കേശവദേവ് എന്ന ഞങ്ങളുടെ ഗുരു എന്നെ അനുമോദിച്ചത് ഞാനോര്‍ക്കുന്നത്.
പത്രാധിപരുടെ കയ്യില്‍ ലേഖനം കിട്ടിയപ്പോള്‍ അദ്ദേഹം കിട്ടിയപ്പോള്‍ അദ്ദേഹം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഞാനാണ് വിദഗ്ദ്ധന്‍ എന്നദ്ദേഹം എന്നദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഉടനെ കൊടുക്കുന്നുണ്ട് എന്ന് പറയുകയും ചെയ്തു. പിന്നീട് അദ്ദേഹം ലേഖനമന്വേഷിച്ചപ്പോള്‍ അവിടെ കാണ്മാനില്ല. ഞാന്‍ ഒരു ദിവസം കൗമുദി ഓഫീസില്‍ കയഖിച്ചെല്ലുമ്പോള്‍ പത്രാധിപര്‍ പഴവിളയോട് അല്പം ഉറക്കെ സംസാരിക്കുന്നതാണ് കേട്ടത്. അദ്ദേഹം പറഞ്ഞു. ”രമേശാ എന്റെ അനുവാദം കൂടാതെ ഒറ്റ മാറ്ററും ഓഫീസിന് പുറത്തുപോകാന്‍ പാടില്ല.” സ്‌നേഹപൂര്‍വ്വമായ ശാസനയായിരുന്നു അത്. നിഷ്‌കളങ്കനായ പഴവിളയെ അതല്പം വിഷമിപ്പിച്ചു എന്നു തോന്നി. സംഭവം ഇങ്ങനെ. പഴവിള ഈ ലേഖനം വായിക്കാന്‍ എടുത്തു വീട്ടില്‍ കൊണ്ടുപോയി. പിറ്റേന്ന് കൊണ്ടുവരുന്നതിനു മുമ്പ് മറ്റൊരു സുഹൃത്ത് മടക്കിത്തരാം എന്നു പറഞ്ഞ് കൊണ്ടുപോയി. കിട്ടിയില്ല.
സംഭവം നടന്നയുടനെ പഴവിള ആ സുഹൃത്തിനെ ഓഫീസ് ഫോണില്‍ ബന്ധപ്പെട്ടു. ഒരു മണിക്കൂറിനകം ലേഖനം ഓഫീസില്‍ എത്തിക്കണമെന്ന് കര്‍ശനമായി താക്കീതു ചെയ്യുകയാണുണ്ടായത്. ഞാനിരിക്കുമ്പോള്‍ത്തന്നെ സുഹൃത്ത് ലേഖനം പഴവിളയെ ഏല്പിച്ച് സോറി പറയുന്നതു കണ്ടു. അടുത്ത ലക്കത്തില്‍ ബ്രഹ്മപുരാണത്തിലെ അശ്ലീലഭാഗം ഉദ്ധരിച്ചുകൊണ്ട് പത്രാധിപര്‍ ഒരു മുഖപ്രസംഗം എഴുതിയിരുന്നു. എന്റെ ലേഖനത്തിലുള്ളതായിരുന്നു ആ ഭാഗം. തുടര്‍ന്നുള്ള രണ്ടു ലക്കങ്ങളിലായി ‘അശ്ലീല ലേഖനം’ പുറത്തു വരികയും ചെയ്തു. പഴവിള രമേശന്‍ പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശ കലര്‍ത്തി പറയുമായിരുന്നു അയാള്‍ എന്നെ ചതിക്കുകയായിരുന്നു എന്ന്. കൗമുദി ഓഫീസിലെ ആള്‍ ഇന്‍ ആള്‍ …………..ആയിരുന്നു അദ്ദേഹം.ഏഴെട്ടു കൊല്ലമേ ആ സേവനം ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കുന്നു.
ഓര്‍മ്മകള്‍ പിന്നെയും പിന്നെയും വന്ന് വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. കൗമുദി ഓഫീസിലെ പല രസകരമായ സംഭവങ്ങള്‍ക്കും സാക്ഷിയാകാനും ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് സന്തോഷത്തോടെ ഓര്‍ക്കുന്നു.